അന്തിനാട് ശ്രീ മഹാദേവക്ഷേത്രം കലശമഹോത്സവം
ചുറ്റമ്പല സമർപ്പണവും നവീകരണ കലശവും ( 2023 മെയ് 14 മുതൽ 25 വരെ )
സജ്ജനങ്ങളെ,
തിരു അന്തീനാട്ടപ്പന്റെ കലശ
മഹോത്സവം വന്നെത്തുകയായി. കലശങ്ങളിൽ ഏറ്റവും പ്രധാനമായ കർപ്പൂരാദി ദ്രവ്യ കലശവും പുനഃ പ്രതിഷ്ഠയും ചുറ്റമ്പല സമർപ്പണവും ഈ വരുന്ന മെയ് 14 മുതൽ 25 വരെ നടക്കുകയാണ്. ഒരു ജന്മത്തിൽ അപൂർവമായി മാത്രം കൊണ്ടാടുവാൻ ലഭിക്കുന്ന ഈ ഭാഗ്യം നമുക്ക് കൈവന്നിരിക്കുകയാണ്. ക്ഷേത്രങ്ങളിലെ, പ്രത്യേകിച്ചും മഹാദേവ ക്ഷേത്രങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുക എന്നത് എല്ലാവിധ ദാരിദ്ര്യ ദുഃഖ ശമനങ്ങൾക്കും സഹായകം ആകുമെന്ന് പണ്ഡിതർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനുള്ള കാരണങ്ങൾ പലതാണ്. ഒന്നാമതായി ക്ഷേത്രത്തിൽ കാല പഴക്കത്താൽ വന്ന ജീർണത ഭഗവത് ചൈതന്യത്തിൽ ലോപം ഉണ്ടാക്കി എന്നു ദേവപ്രശ്‌നത്തിൽ തെളിഞ്ഞിരുന്നു. അപ്രകാരം ചൈതന്യത്തിൽ ലോപം സംഭവിക്കുന്ന ഭഗവാൻ സദാ അസ്വസ്ഥൻ ആയി കാണപ്പെടുന്നു. ആയതിനാൽ ചൈതന്യത്തിൽ ലോപം സംഭവിച്ചിട്ടുള്ള ബിംബവും ക്ഷേത്രവും അതിന്റെ പൂർണതയിലേക്ക് എത്തിക്കുന്നതായിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഭഗവാനിൽ അത്യധികം ആനന്ദം ഉളവാക്കുന്നത് ആകുന്നു. ഭഗവാന്റെ ആനന്ദത്തിനു വേണ്ടി, തേജസിന് വേണ്ടി എത്ര ചെറുതായാലും അതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നത് എപ്പോഴും നടക്കുന്ന ഒരു കാര്യമല്ല.ആ ഭാഗ്യം ലഭിച്ചവർ ആണ് നമ്മൾ. രണ്ടാമതായി കലശ മഹോത്സവത്തിന്റേതായിട്ടുള്ള 12 ദിവസങ്ങൾ ക്ഷേത്രത്തിൽ തന്ത്ര മന്ത്ര ക്രിയകളാൽ മുഖരിതമാകും. സദാ സമയവും മുഴങ്ങുന്ന മന്ത്രഘോഷങ്ങൾ മനസിലെ ചിന്തകളെ മാറ്റി, ഏകാഗ്രമാക്കി നമ്മളെ ഭഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നു.
അന്തീനാടിനെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകത ശിവ ഭഗവാനോടൊപ്പം സ്വയം വര രൂപിണിയായി ശ്രീ പാർവതി ദേവിയും വാഴുന്നു എന്നതാണ്. ഒപ്പം മക്കളായ ഗണപതി ഭഗവാനും, അദൃശ്യ രൂപത്തിൽ സുബ്രഹ്മണ്യ സ്വാമിയും ഒപ്പം ശാസ്താവും വസിക്കുന്നു. മഹാദേവ ക്ഷേത്രത്തിനോട് ചേർന്നുള്ള പുതിയ കാവിൽ പുത്രി സങ്കൽപ്പത്തിൽ ഭദ്രകാളി ദേവിയും കുടി കൊള്ളുന്നു. ഇതിനാൽ തന്നെ ഈ ക്ഷേത്ര ദർശനം ഒരു കുടുംബത്തിലേക്ക് ഉള്ള വരവിനു സമാനമായി കരുതി പോരുന്നു. കുടുംബ ഐശ്വര്യത്തിനും മംഗല്യ തടസം മാറുന്നതിനും സന്താന ലബ്ധിക്കും രോഗ ക്ലേശങ്ങൾ നീക്കുന്നതിനും ഈ ക്ഷേത്ര ദർശനം അത്യുത്തമം ആണ്.
ഇതു നമുക്ക് ഓരോരുത്തർക്കും ഭഗവാൻ തന്ന ഒരു അവസരം ആണ്. ഇങ്ങനെ ഒരു കാലഘട്ടത്തിൽ, ഭഗവത് പ്രസാദം നിറഞ്ഞൊഴുകുന്ന ഈ വേളയിൽ ജീവിക്കാൻ കഴിയുന്ന നാം എത്ര ഭാഗ്യം ചെയ്തവർ ആണ്. ഇതു കാണുന്ന എല്ലാ സുമനസ്സുകളും ഈ വിവരം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ... എല്ലാ സജ്ജനങ്ങൾക്കും തങ്ങളാൽ കഴിയും വിധം ക്ഷേത്ര ദർശനം നടത്തുവാനും സമർപ്പണങ്ങളിൽ പങ്കുചേരുവാനും,ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങാനും സാധിക്കട്ടെ...
അന്വേഷണങ്ങൾക്കും, വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
9400542424, 04822 246124